സ്ഥാപന ഘടന

ദശാബ്ദങ്ങളായി വ്യവസായ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഭൂവിജ്ഞാന വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് 7 സാങ്കേതിക വിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്തി 1946ലാണ് ഭൂവിജ്ഞാന വകുപ്പ് പ്രത്യേകമായി രൂപീകരിച്ചത്. 1961ല്‍ രണ്ട് സര്‍ക്കിള്‍ ഓഫീസുകള്‍ എറണാകുളത്തും കോഴിക്കോടും ആരംഭിച്ച് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ചു. 1970ല്‍ ഗവണ്‍മെന്റ് ഉത്തരവ് (ഗ.വ. (പി) നമ്പ./93/70/ഐഡി തീയതി 13.03.70) പ്രകാരം ഭൂവിജ്ഞാന വകുപ്പിനെ ഖനന ഭൂവിജ്ഞാന വകുപ്പ് എന്ന പേരില്‍ പുനഃസംഘടിപ്പിച്ചു. തുടര്‍ന്ന് 1975ല്‍ വകുപ്പില്‍ നടന്ന പരിഷ്ക്കരണങ്ങളുടെ ഭാഗമായി ആലപ്പുഴ, തൃശൂര്‍ (പ്രവര്‍ത്തിച്ചിരുന്നത് എറണാകുളത്ത്), കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ മേഖലാ ഓഫീസുകള്‍ ആരംഭിച്ചു. തുടര്‍ന്ന് എറണാകുളത്തും കോഴിക്കോടും 1961മുതല്‍ പ്രവര്‍ത്തിച്ചിരുന്ന സര്‍ക്കിള്‍ ഓഫീസുകളുടെ പ്രവര്‍ത്തനം റദ്ദാക്കി.

1977ല്‍ ഐക്യരാഷ്ട്രസഭയുടെ സഹായത്തോടെ, വിശദമായ ധാതുപര്യവേക്ഷണത്തിന്റെ ഭാഗമായി സംസ്ഥാന ഖനന-ഭൂവിജ്ഞാന വകുപ്പ് ഡയറക്ടര്‍ എക്സ്. ഒഫീഷ്യോ പദ്ധതി ഡയറക്ടര്‍ ആയി ആരംഭിച്ച കേരള ധാതുഖനന വികസന പദ്ധതിക്കായി വകുപ്പില്‍നിന്നും ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. ഇതേതുടര്‍ന്ന് വകുപ്പിലുണ്ടായ ജീവനക്കാരുടെ കുറവ് 1980ല്‍ ജീവനക്കാരെ വിന്യസിക്കുന്നതിലൂടെ പരിഹരിക്കുകയും തിരുവനന്തപുരം, കൊല്ലം, പാലക്കാട് എന്നിവിടങ്ങളില്‍ മൂന്ന് ജില്ലാ ഓഫീസുകള്‍ ആരംഭിക്കുകയും ചെയ്തു. 1987 കാസര്‍ക്കോട് ജില്ലയില്‍ വകുപ്പിന്റെ ജില്ലാ ഓഫീസ് ആരംഭിച്ചു. ചേര്‍ത്തല താലൂക്കില്‍ ധാതുഖനനത്തിനായി പാട്ടത്തിനു നല്‍കിയ പ്രദേശത്തെ സിലിക്ക മണലിന്റെ നിക്ഷേപം എത്രയെന്ന് കണക്കാക്കുന്നതിനും അനധികൃത ധാതുഖനനം, ധാതുമണല്‍ കടത്ത് എന്നിവ തടയുന്നതിനും ധാതുമണല്‍ ഖനനവും കയറ്റി അയക്കലും നിയമാനുസൃതമായി നടത്തുന്നതിന് അനുമതി നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്കുമായി 1990ല്‍ ചേര്‍ത്തലയില്‍ ഒരു പ്രത്യേക ഓഫീസ് ആരംഭിച്ചു.

കേരള മിനറല്‍ സ്ക്വാഡ് തെക്കന്‍ മേഖല വടക്കന്‍ മേഖല എന്നിങ്ങനെ രണ്ട് സംഘങ്ങള്‍ ഇതിനായി 1985ലും 1990ലും രൂപീകരിക്കുകയുണ്ടായി. വകുപ്പിനു കീഴിലെ പര്യവേക്ഷണ പരിശോധനക വിഭാഗത്തിലെ ജീവനക്കാരെ പുനര്‍വിന്യസിച്ചാണ് ഇവയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 1997ല്‍ ഗവണ്‍മെന്റ് ഉത്തരവ് (ജി.ഒ. (എം.എസ്. 119/97 ഐഡി തീയതി 28.7.97) പ്രകാരം കോട്ടയം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ ആറ് പുതിയത ഓഫീസുകള്‍ ആരംഭിച്ചു.

ഇന്ന് കേരളത്തിലെ 14 ജില്ലകളിലും വകുപ്പിന്റെ ജില്ലാതല ആഫീസുകളും 3 കേരള മിനറല്‍ സ്ക്വാഡും പ്രവര്‍ത്തിക്കുന്നു. ധാതുപര്യവേക്ഷണവും പരിപാലനവും വകുപ്പിലെ 58 ഭൂവിജ്ഞാന വിദഗ്ധരുടെയും 4 രാസപരിശോധനാ വിദഗ്ധരുടെയും മേല്‍നോട്ടത്തില്‍ നടപ്പാക്കുന്നു.

വകുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനായി പര്യവേഷണ വിഭാഗം, ധാതുപരിപാലനവും മൈനിംഗ് ലീഡ് വിഭാഗം എന്നിങ്ങനെയുള്ള രണ്ട് വിഭാഗങ്ങള്‍ നിലവിലുണ്ട്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യവസായികാടിസ്ഥാനത്തില്‍ ഖനനം നടത്തുന്നതിന് ആവശ്യമായ ധാതുനിക്ഷേപം കണ്ടെത്തുകയും അവയുടെ തോത് കണക്കാക്കുക, ധാതുനിക്ഷേപം അടിസ്ഥാനപ്പെടുത്തിയുള്ള വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനും നിലവിലുള്ള വ്യവസായങ്ങളെ പരിപോഷിപ്പിക്കുകയും ചെയ്യുന്നതിന് ഉതകുന്ന തരത്തിലുള്ള ധാതുവികസനം എന്നിവയാണ് ധാതുപര്യവേഷണ വിഭാഗത്തിന്റെ ചുമതല.

ധാതുപ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനും അധികാരമുള്ള വിഭാഗമാണ് ധാതുപരിപാലന - മൈനിംഗ് ലീഡ് വിഭാഗം. പരിസ്ഥിതി ആവാസവ്യവസ്ഥകള്‍ക്ക് കോട്ടം തട്ടാതെ ഖനനാനുമതി നല്‍കുക, അനധികൃത ഖനനം തടയുക തുടങ്ങിയ ചുമതലകള്‍ പ്രസ്തുത വിഭാഗത്തില്‍ നിക്ഷിപ്തമായിരിക്കുന്നു. ധാതുഖനനത്തിനുള്ള വരുമാനം പിരിച്ചെടുക്കുന്നതും ട്രഷറികളില്‍ നിക്ഷേപിക്കുന്നതും സംസ്ഥാനത്ത് അംഗീകരിച്ചിട്ടുള്ള ധാതുഖനന ഉടമ്പടി ആനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കണക്ക് പരിശോധനകള്‍ നടത്തുന്നതും ഈ വകുപ്പിലെ ഉദ്യോഗസ്ഥരാണ്.

dmg